ഇറാന്റെ തിരിച്ചടിയിൽ അമ്പരന്ന് ഇസ്രയേൽ; ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹവും മാറ്റിവെച്ചു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെച്ചു. നാളെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അവ്നെറിന്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രയേലിൽ ഇറാൻ വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിൽ വിവാഹ ചടങ്ങ് മാറ്റിവെക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്.
ഇത് രണ്ടാംതവണയാണ് അവ്നെറിന്റെ വിവാഹം മാറ്റിവെക്കുന്നത്. അവ്നെർ ആക്രമിക്കപ്പെടാൻ ഇടയുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം വിവാഹം മാറ്റിവെച്ചിരുന്നു. നെതന്യാഹുവിന്റെ മൂന്നുമക്കളിൽ ഇളയ ആളാണ് അവ്നെർ. ഇസ്രയേൽ പൗരന്മാർ ഇപ്പോഴും ഗാസയിൽ ബന്ദികളായി തുടരുന്നതിനിടെ നെതന്യാഹു കുടുംബം വിവാഹ ആഘോഷങ്ങളിലേക്ക് കടക്കുന്നതിനെതിരേ നേരത്തെ തന്നെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതും വിവാഹം മറ്റൊരു തീയതിയിലേക്ക് മാറ്റാൻ കാരണമായെന്നാണ് വിവരം.
അതേസമയം, ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രയേലിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ ഒരു കുട്ടി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മധ്യ ഇസ്രയേലിലെ ബാത് യാം നഗരത്തിൽ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തിൽ തകരുകയും ആറ് പേരോളം കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ 140ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സംഘർഷം അവസാനിക്കാൻ വഴിതെളിയുന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ആക്രമണം നിർത്താമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇത് മേഖലയിലെ സമാധാന നീക്കങ്ങൾക്ക് പ്രതീക്ഷ പകർന്നിട്ടുണ്ട്. ഇതിനിടെ ഇറാനിയൻ പൗരന്മാർ രാജ്യം വിടണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.











